ഹേമ കമ്മിഷൻ റിപ്പോർട്ടിലൂടെ മലയാളം സിനിമയിൽ നടിമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറയുന്ന നടി മാളവിക ശ്രീനാഥിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതിൽ വിശദീകരണവുമായി എത്തിയിക്കുകയാണ് നടി.
തന്റെ പേരിൽ പ്രചരിപ്പിക്കുന്ന വിഡിയോയ്ക്ക് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുമായി യാതൊരു ബന്ധവുമില്ലെെന്നാണ് മാളവിക പറയുന്നത്. പത്ത് വർഷം മുൻപ് നടന്ന അനുഭവമാണ് പങ്കുവച്ചത്. പഴയ വിഡിയോയിലെ ചില ഭാഗങ്ങൾ കട്ട് ചെയ്ത് ആരോ പ്രചരിപ്പിക്കുന്നതാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു.
‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല. യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല.10 വർഷങ്ങൾക്കു മുൻപ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്റെ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നനങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല.’ മാളവിക പറഞ്ഞു.ഒരു സിനിമയുടെ ഓഡിഷനിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് താരം പഴയ വിഡിയോയിൽ തുറന്നു പറഞ്ഞത്. മാളവിക മനസ്സു വച്ചാൽ മഞ്ജു വാരിയരുടെ മകളുടെ വേഷം ലഭിക്കുമെന്ന് ഓഡിഷൻ നടത്തിയ ആൾ മാളവികയോട് പറയുകയായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായതിനു പിന്നാലെ മാളവിക പറയുന്നത് ലൂസിഫർ സിനിമയെക്കുറിച്ചാണ് എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. കാസർഗോൾഡ്, സാറ്റർഡേ നൈറ്റ്, മധുരം തുടങ്ങിയ സിനിമളിൽ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്.
Home entertainment ‘മനസ്സുവച്ചാൽ മഞ്ജു വാര്യരുടെ മകളാകാം’; അത് ലൂസിഫർ ഓഡിഷൻ അല്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മാളവിക