‘ദുരുദ്ദേശപരവും കെട്ടിച്ചമച്ചതും; മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല’; ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്

0

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ ദുരുദ്ദേശപരവും നികൃഷ്ടവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തെളിയിക്കാനാകാത്ത ആരോപണങ്ങൾ ഹിൻഡൻബർഗ് വീണ്ടും ഉന്നയിക്കുന്നു. മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഹിൻഡൻബർഗ് രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. അവ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തതാണ്. 2024 ജനുവരിയിൽ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply