ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിന് ഇനിയും നാലോ അഞ്ചോ വര്‍ഷമെടുക്കും: ജിയോളജിക്കല്‍ സര്‍വേ

0

കൊച്ചി: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നിലവില്‍ വയനാട് ജില്ലയ്ക്കായി പുറപ്പെടുവിക്കുന്ന പ്രാദേശിക പ്രവചന ബുള്ളറ്റിന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ( ജിഎസ്‌ഐ). ഒരു പ്രവചന മാതൃകയ്ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് തുടരുന്നത്. നാലഞ്ച് വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ ഈ സംവിധാനം പൂര്‍ണ അര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമാകുമെന്നും ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു. നിലവില്‍ വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള മണ്ണിടിച്ചില്‍ പ്രവചനം സാധൂകരണത്തിനും ഭൂപരിശോധനയ്ക്കും വേണ്ടി മാത്രമുള്ളതാണ്. പൊതു ഉപയോഗത്തിന് വേണ്ടിയുള്ളതല്ലെന്നും ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

തുടക്കം എന്ന നിലയില്‍ 2024 മണ്‍സൂണിന്റെ തുടക്കം മുതല്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ് കൈമാറുന്നത്. തുടക്കത്തില്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളില്‍ നിന്ന് പ്രതികരണം അറിയുന്നതിന് വേണ്ടി മാത്രമായാണ് പുതിയ സംവിധാനം പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും വക്താവ് വിശദീകരിച്ചു. പൊതു ഉപയോഗത്തിന് മോഡല്‍ ലഭ്യമാക്കുന്നതിന് മുമ്പ് നാലോ അഞ്ചോ മണ്‍സൂണ്‍ വര്‍ഷങ്ങളില്‍ വിപുലമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളായി ജിഎസ്‌ഐ നിര്‍ണയിച്ച മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ജിഎസ്‌ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്ങും (എന്‍സിഎംആര്‍ഡബ്ല്യുഎഫ്) കേന്ദ്ര കാലാവസ്ഥ വകുപ്പും (ഐഎംഡി) നല്‍കുന്ന മഴ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. വയനാട് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 200ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ദുരന്തം ഉണ്ടായ ജൂലൈ 30 ന് വൈത്തിരി, മാനന്തവാടി താലൂക്കില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള സാധ്യത പ്രവചിച്ചിരുന്നതായും ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. ജൂലൈ 28 ഒഴികെ, ജൂലൈ 26 നും ജൂലൈ 30 നും ഇടയില്‍ ജിഎസ്‌ഐ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു. ജൂലൈ 26 ന് വൈത്തിരി താലൂക്കിലും ജൂലൈ 30 ന് വൈത്തിരി, മാനന്തവാടി താലൂക്കിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയാണ് മുന്നറിയിപ്പായി നല്‍കിയിരുന്നത്. ഈ ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യത കുറവാണ് എന്ന തരത്തിലായിരുന്നു മുന്നറിയിപ്പ് എന്നും ജിഎസ്‌ഐ സര്‍വേയര്‍ പറയുന്നു.

Leave a Reply