തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടു വന്നിട്ടുണ്ട്.
ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ ബന്ധപ്പെട്ട ജില്ലാ കളക്ഷൻ സെൻറ്റുകളിൽ എത്തിച്ചു നൽകുന്നത് ജില്ലാ ഭരണകൂടങ്ങൾ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കൾ കെഎസ്ആർടിസ് ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ വടക്കൻ മേഖലയിലേയ്ക്ക് സർവീസ് പോകുന്ന കെഎസ്ആർടിസി വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.