സൂരിയും അന്ന ബെന്നും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കൊട്ടുകാളി. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവവും തന്നെ കാസറ്റ് ചെയ്തതിലെ നന്ദിയും അറിയിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അന്ന.
‘ഈ പ്രൊജക്ട് എനിക്ക് കൊണ്ടുവന്നതിന് ദൈവത്തോട് എന്നെന്നേക്കുമായി നന്ദിയുണ്ട്, മീനയെ എന്നിൽ കണ്ടതിന് സംവിധായകനോട് ഒരുപാട് സ്നേഹവും നന്ദിയും. പിഎസ് വിനോദ് രാജിനൊപ്പം പ്രവർത്തിക്കുന്നത് ഒരു സ്വപ്നമായിരുന്നുവെന്നും’ അന്ന കുറിച്ചു. ചിത്രത്തിന്‍റെ നിർമാതാവും നടനും കൂടിയ ശിവ കാർത്തികേയനും അന്ന നന്ദി പറഞ്ഞിട്ടുണ്ട്.
‘സൂരിയുടെ കരിയറിലെ ഒരു പൊൻ തൂവലായി മാറാൻ പോകുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. എനിക്ക് ലഭിച്ച ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാളായതിന് നന്ദി’ എന്നും അന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ചെറുതും എന്നാൽ ശക്തമായ ഈ ചിത്രത്തിന് പിന്നിൽ നിരവധി പേരുകൾ ഉണ്ട്, നിങ്ങളോടെല്ലാം ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെ’ന്നും അന്ന കൂട്ടിച്ചേർത്തു.ശിവകാർത്തികേയന്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനോദ് രാജിന്റെ ആദ്യ ചിത്രമായ ‘കൂഴങ്കൽ’ ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു.