‘മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തു’, വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺ‌ലൈൻ തട്ടിപ്പ് സംഘം; പൊലീസ് മുന്നറിയിപ്പ്

0

തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ മാതാപിതാക്കളെ സമീപിക്കുന്നത്. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

50,000 രൂപ മുതൽ എത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസ്സിലാകുകയുള്ളൂ. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കാൻ ശ്രമിക്കണമെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

Leave a Reply