പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുളത്തില്‍ ചാടി; ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി മരിച്ച നിലയില്‍

0

ഗുവാഹത്തി: അസമിലെ വിവാദമായ ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുളത്തില്‍ മരിച്ച നിലയില്‍. കേസിലെ പ്രധാന പ്രതിയായ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹമാണ് കുളത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനാണ് ഇയാള്‍ കുളത്തില്‍ ചാടിയത്.ഇന്നലെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് സമീപത്തെ കുളത്തില്‍ ചാടിയത്. തുടര്‍ന്ന് പൊലീസും എസ്ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കേസിലെ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്.

ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി നഗാവോണ്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സ്വപ്‌നനീല്‍ ധേക്ക പറഞ്ഞു. 14 കാരിയായ പെണ്‍കുട്ടിയെയാണ് മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വളയുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

പിന്നീട് റോഡരികിലെ കുളത്തിന് സമീപത്തു നിന്നും പരിക്കേറ്റ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ധിങ്ങില്‍ നിന്നും നഗാവോണിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. കടകളും മറ്റു സ്ഥാപനങ്ങളും അടച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് അസം പൊലീസ് മേധാവി സ്ഥലത്തെത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

Leave a Reply