അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു.പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.
തിരച്ചിലിനായി നേവി, എസ്ആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും തിരച്ചിലില്‍ ഭാഗമാകും. ഇന്നലെ സോണാര്‍ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നു പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് നേവിയുടെ ഡൈവിങ് ടീം പരിശോധന നടത്തുക. മുമ്പത്തെ പരിശോധനയില്‍ ലോറിയുടെ സാന്നിധ്യമുണ്ട് എന്നതിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടത് കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയുള്ള പോയന്റിലാണ്.
അതേസമയം കണ്ടെത്തിയത് ലോറിയുടെ ലോഹഭാഗം അല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ഷാക്കിള്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയതെന്നാണ് മനാഫ് അറിയിച്ചത്. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കാണാതായിട്ടുണ്ട്.