ഭാരതപ്പുഴ നിറഞ്ഞുകണ്ടതിന്റെ ആവേശത്തില്‍ നീന്താനായി എടുത്തു ചാടി; യുവാവ് അറസ്റ്റില്‍

0

തൃശൂര്‍: അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു പാലത്തിനു മുകളില്‍ നിന്ന് എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പൊലീസ് കേസ് എടുത്തത്.

നീന്തലില്‍ വൈദഗ്ധ്യമുള്ളയാളാണു രവിയെന്നാണ് പൊലീസ് പറയുന്നത്. ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം പോകാറുണ്ട്. ഇന്നലെ വൈകിട്ടു നാലോടെ ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. കൗതുകത്തിനായിരുന്നു ചാട്ടമെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പോലും പകച്ചു. കുത്തൊഴുക്കുള്ള പുഴയില്‍ മായന്നൂര്‍ കടവുവരെ നീന്തി തീരമണഞ്ഞു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.പുഴ നിറഞ്ഞുകണ്ടതിന്റെ ആവേശത്തില്‍ നീന്താന്‍ ചാടിയെതെന്നാണു രവി പൊലീസിന് നല്‍കിയ മൊഴി. കാഴ്ച കാണുന്നതിനായെത്തി മായന്നൂര്‍ പാലത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.

Leave a Reply