പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നൽകുന്ന സൂചന. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. മാളവിക മോഹനനും പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഓഡിയോ ലോഞ്ചിൽ മാളവിക തങ്കലാനെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മാളവികയെത്തുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരതി എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
“തങ്കലാൻ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്. മനോഹരമായ ഒരു ടീമിനൊപ്പമായിരുന്നു എന്റെ തങ്കലാൻ യാത്ര. അസാധ്യ താരങ്ങൾക്കൊപ്പമുള്ള ഒന്നരവർഷത്തെ യാത്രയായിരുന്നു ഇത്. ആരതിയെ എനിക്ക് തന്നതിന് രഞ്ജിത് സാറിനോട് നന്ദി പറയുന്നു. അൽപ്പം ഇമോഷണലാകാതെ ആരതിയെക്കുറിച്ച് പറയാനാകില്ല. ഇത്തരമൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി.ഇതുപോലെയൊരു കഥാപാത്രം ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടിട്ടില്ല. വിക്രം സാറില്ലായിരുന്നെങ്കിൽ ഈ കഥാപാത്രം എനിക്ക് ചെയ്യാനാകില്ലായിരുന്നു. തങ്കലാൻ ഒരു ടീം എഫേർട്ടാണ്. തങ്കലാൻ ഒരു തിയറ്റർ എക്സിപീരിയൻസാണ്. ഞാനും അതിനായി കാത്തിരിക്കുന്നു”- മാളവിക പറഞ്ഞു.