തിരുവനന്തപുരം:നേതൃസ്ഥാനത്തിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉയരുന്നതെന്ന് ഇന്ദ്രന്‍സ്. ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരില്‍ ഓരോരുത്തര്‍ക്കും എന്തും പറയാമല്ലോ. പെട്ടെന്ന് അറിയുന്നത് അതല്ലേ? നമുക്ക് ചര്‍ച്ച ചെയ്യാന്‍ എളുപ്പവും നേതൃത്വസ്ഥാനത്തിരിക്കുന്നവരെ വിരല്‍ ചൂണ്ടുമ്പോഴല്ലേയെന്നും ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. എങ്കിലും ചോദിക്കുമ്പോള്‍ എന്തെങ്കിലും പറയണ്ടേയെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.
ബംഗാളി നടി ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ പോലും തനിക്ക് അറിയില്ലെന്നും പിന്നെയല്ലേ ബംഗാളി നടിയെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതികളുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. നമ്മുടെ നിയമവ്യവസ്ഥ മെച്ചമാണെന്നാണ് എല്ലാവരും പറയുന്നത്. നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാക്കാലത്തും ഇങ്ങനെയൊക്കെ തന്നെയാണെന്നും ഇടയ്ക്ക് എരിയും പുളിയും വേണ്ടേയെന്നും അദ്ദേഹം പറഞ്ഞു.താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കില്‍ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും വ്യക്തമാക്കി. ആരോപണങ്ങളില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണല്ലോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
Home entertainment എനിക്കിപ്പോഴത്തെ മലയാളി നടിമാരെപ്പോലും അറിയില്ല, പിന്നയല്ലേ ബംഗാളി; എല്ലാക്കാലത്തും ഇങ്ങനെയൊക്കെ തന്നെയല്ലേയെന്ന് ഇന്ദ്രന്‍സ്