ഉരുൾ തകർത്തെറിഞ്ഞ വയനാടാണിപ്പോൾ എല്ലാവരുടേയും നെഞ്ചിൽ. കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്‌നിച്ചാണ് സൈന്യം ബെയ്‌ലി പാലം യാഥാർഥ്യമാക്കിയത്. അവശിഷ്ടങ്ങളെയും പിഴുതെറിഞ്ഞ മരങ്ങളെയും ശക്തമായ ഒഴുക്കുള്ള നദിയെയും മറികടന്ന് വെറും 16 മണിക്കൂറിനുള്ളിലാണ് സൈന്യം പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഈ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തവരിൽ ഒരു വനിത മേജറുമുണ്ട്. മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ മേജർ സീത ഷെല്‍ക്കെ. ബെയ്‌ലി പാലത്തിന്റെ ഓരോ നിർമാണ ഘട്ടത്തിലും സീത ഷെല്‍ക്കെയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു. ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ അത് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയിലേക്കുള്ള പാലമാണെന്ന ബോധ്യം അവർക്കുണ്ടായിരുന്നു.
“ഇവിടെയുള്ള ഏക സ്ത്രീയായി ഞാൻ എന്നെ പരിഗണിക്കുന്നില്ല, ഞാനൊരു പട്ടാളക്കാരിയാണ്. ഇന്ത്യൻ ആർമിയുടെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്, ഈ ലോഞ്ചിങ് ടീമിൻ്റെ ഭാഗമായതിൽ അതിയായ അഭിമാനമുണ്ട്” – എന്നാണ് സീത ഷെൽക്കെ തന്റെ ദൗത്യത്തെക്കുറിച്ച് പിടിഐയോട് പറഞ്ഞത്.
രാത്രിയില്‍ പാലത്തിന്റെ ഗർഡറുകള്‍ ഉറപ്പിക്കുന്ന ഘട്ടത്തിലും അതിനു മുകളിലുണ്ടായിരുന്നു സീത ഷെല്‍ക്കെ. അങ്ങനെ ഓരോ ചെറിയ കാര്യം പോലും സൂക്ഷ്മതയോടെ നിരീക്ഷിച്ചും നിർദ്ദേശം നല്‍കിയും അവർ മുന്നില്‍ നിന്നു. മേജർ സീത ഷെല്‍ക്കെയും മേജർ അനീഷും അടങ്ങുന്ന സംഘത്തിനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല.
മുണ്ടക്കൈയെയും അട്ടമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചൂരല്‍മലയിലെ പാലം ഉരുള്‍പൊട്ടലില്‍ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കുന്നതിന്റെ സാധ്യതകള്‍ അധികൃതർ പരിശോധിച്ചത്. 24 ടണ്‍ ഭാരം വഹിക്കാൻ ശേഷിക്കുള്ള 190 അടി പാലമാണ് 31 മണിക്കൂർ കൊണ്ട് സൈന്യം യാഥാർഥ്യമാക്കിയത്.വളരെ പെട്ടെന്ന് പാലം പണിത് രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയതിൽ സൈന്യത്തെയും മേജർ സീത ഷെല്‍ക്കെയെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ രംഗത്തെത്തുന്നത്.