കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവ നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയമവിരുദ്ധ മെഡിക്കല്‍ സിന്‍ഡിക്കേറ്റും സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന വന്‍ റാക്കറ്റും പ്രവര്‍ത്തിച്ചതായി സിബിഐ കണ്ടെത്തല്‍. ഈ റാക്കറ്റ് വര്‍ഷങ്ങളായി സജീവമാണെന്നും ഇത് മറ്റ് സംസ്ഥാന മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിക്കുന്നതായും സിബിഐ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഈ അവിഹിത ശൃംഖലയിലൂടെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വഴിതിരിച്ചുവിട്ടതായും സിബിഐ കണ്ടെത്തി. ഈ ദുഷ്പ്രവണതകള്‍ക്കെതിരെ വിവിധ വേദികളില്‍ പ്രതിഷേധിച്ച ഇരയോടുള്ള പകയാവാം ബലാത്സംഗത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. പണത്തിനുപകരം സ്ഥലംമാറ്റം നടത്തി കൊടുക്കുന്ന ഡോക്ടര്‍മാരും ഭരണകൂടവും ഉള്‍പ്പെടുന്ന റാക്കറ്റിന്റെ പങ്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തങ്ങള്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റിങ് കിട്ടാന്‍ ഡോക്ടര്‍മാര്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് റാക്കറ്റിന് നല്‍കിയിരുന്നത്. റാക്കറ്റ് ആവശ്യപ്പെടുന്ന പണം ഇവര്‍ കൈമാറുന്നതാണ് രീതി. ഇതെല്ലാം കൊല ചെയ്യപ്പെട്ട ഡോക്ടറെ ചൊടിപ്പിച്ച് കാണാം.ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡോക്ടര്‍ ശക്തമായി പ്രതിഷേധിച്ചതായും സിബിഐ വൃത്തങ്ങള്‍ പറയുന്നു.