നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും വീട്; പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് 2.30 ലക്ഷം കോടി, റെയില്‍വെയ്ക്ക് എട്ട് പുതിയ പദ്ധതികള്‍

0

ന്യൂഡല്‍ഹി: നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും വീട് നിര്‍മ്മിക്കുന്നതിനു സഹായം നല്‍കുന്നതിനുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) 2.0 പദ്ധതി കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒരു കോടി വീടിനാണ് ഇതു പ്രകാരം സഹായം നല്‍കുക. 2.30 ലക്ഷം കോടി രൂപ പദ്ധതിക്കായി അനുവദിക്കും.

സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ അല്ലെങ്കില്‍ പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ മുഖേന നഗരപ്രദേശങ്ങളില്‍ താങ്ങാനാവുന്ന ചെലവില്‍ വീട് നിര്‍മ്മിക്കാനോ വാങ്ങാനോ വാടകയ്ക്കെടുക്കാനോ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പദ്ധതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), കുറഞ്ഞ വരുമാനമുള്ളവര്‍ (എല്‍ഐജി) അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ളവര്‍ (എംഐജി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വീട് വാങ്ങാനോ നിര്‍മ്മിക്കാനോ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്.

നഗരപ്രദേശങ്ങളിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും എല്ലാ കാലാവസ്ഥയിലും ഇണങ്ങുന്ന വീടുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. പിഎംഎവൈ-യു ന് കീഴില്‍ 1.18 കോടി വീടുകള്‍ അനുവദിച്ചപ്പോള്‍ 85.5 ലക്ഷത്തിലധികം വീടുകള്‍ ഇതിനകം നിര്‍മ്മിച്ച് വിതരണം ചെയ്തു.

3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇഡബ്ല്യുഎസ് വിഭാഗത്തിലാണ്. 3-6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളാണ് എംഐജി, 6-9 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തിന് കീഴില്‍ അര്‍ഹതയുള്ളതിനാല്‍ എംഐജിയുടെ മാനദണ്ഡം പരിഷ്‌കരിച്ചിട്ടുണ്ട്.

24,657 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ മന്ത്രാലയത്തിന്റെ എട്ട് പദ്ധതികള്‍ക്ക് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഗതാഗത ശൃംഖല വര്‍ധിപ്പിക്കുക, യാത്രാസൗകര്യം സുഗമമാക്കുക, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നിവയാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകള്‍ പട്ടികയിലില്ല. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ക്ലീന്‍ പ്ലാന്റ് പദ്ധതിക്കായി 1,765 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply