ജയ്പുർ: രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ജയ്പൂരിലെ കനോട്ട അണക്കെട്ട് തുറന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മുങ്ങി മരിച്ചു.
കിഴക്കൻ രാജസ്ഥാനിലെ കരൗലി ജില്ലയിലെ കരൗലിയിലും ഹിന്ദുവാനിലും ശനിയാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. ഭരത്പൂരിലെ നദിയിൽ കുളിക്കാനിറങ്ങിയ ശ്രീനഗർ ഗ്രാമത്തിലെ ഏഴ് യുവാക്കൾ മുങ്ങിമരിച്ചു.കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.