തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ, ഒളിവിലായിരുന്ന പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തിൽ മുഹമ്മദ് ഇനാദും അറസ്റ്റിൽ. പെൺസുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ്, കേസിലെ രണ്ടാം പ്രതിയായ ഇനാദിനെ കുടുക്കിയത്. കൊലപാതകം നടത്തിയശേഷം ഒളിവിലായിരുന്നു ഇയാൾ.ഇനാദിന്റെ ഫോൺ ലൊക്കേഷൻ സൈബർ സെൽ പരിശോധിച്ചപ്പോൾ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോൺ ഉപയോഗിക്കുന്നതായി പൊലീസിന് കണ്ടെത്തി. ഇനാദ് വാട്‌സ് ആപ്പിൽ പെൺസുഹൃത്തിന് തുടർച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെൺസുഹൃത്തിൽ നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് ഇനാദ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തിൽ ഇനാസിനെ തിരുനെൽവേലിയിൽ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീർഖാനെ ബീമാപള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
27 ക്രിമിനൽ കേസുകളിലെ പ്രതിയായ ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തുവെച്ച് സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ഇനാസിനെ ഷിബിലി ബീമാപ്പള്ളിക്കു സമീപത്തുവച്ചു മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യത്തിൽ ഇനാസ് സഹോദരൻ മുഹമ്മദ് ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലിരിക്കെ കയ്യിൽ പണം തീര്‍ന്നു, വാട്സ് ആപ്പിൽ പെൺസുഹൃത്തിന് സന്ദേശം; ഷിബിലി കൊലക്കേസ് പ്രതി അറസ്റ്റിൽ
