‘ഇന്ത്യയുടെ മഹാനായ പുത്രന്‍’; രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍

0

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനത്തില്‍ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

അഭൂതപൂര്‍വമായ സംഭാവനയിലൂടെ ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാജ്യം സദ്ഭാവന ദിവസമായി ആഘോഷിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയുടെ മഹനായ പുത്രനായിരുന്നു. കോടിക്കണക്കിന് ജനങ്ങളില്‍ അദ്ദേഹം പ്രത്യാശയുടെ കിരണങ്ങള്‍ ജ്വലിപ്പിച്ചുവെന്നും ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

വോട്ടിങ് പ്രായം 18 വയസ്സായി കുറയ്ക്കുക, പഞ്ചായത്തിരാജ് ശക്തിപ്പെടുത്തല്‍, ടെലികോം, ഐടി വിപ്ലവം, കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടികള്‍, സ്ത്രീശാക്തീകരണം, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യമുന്നേറ്റത്തിനായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ രാജീവ്ഗാന്ധിക്ക് ശ്രദ്ധാഞ്ജലികള്‍ എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.1992 ഓഗസ്റ്റ് 20നാണ് സദ്ഭാവന ദിവസം ആദ്യമായി ആചരിച്ചത്. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി.

Leave a Reply