ന്യൂഡല്‍ഹി: ‘ഗോയിങ് ഔട്ട്’ ബിസിനസുകളെ ഏകോപിപ്പിച്ച് പുതിയ ആപ്പ് ‘ഡിസ്ട്രിക്ട്’ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡൈനിങ്, സിനിമകളും പരിപാടികളും കാണാന്‍ സഹായിക്കുന്ന ടിക്കറ്റിങ് സേവനം അടക്കമാണ് ഗോയിങ് ഔട്ട് ബിസിനസില്‍ വരുന്നത്.
സിംഗില്‍ പ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ ലൈഫ്‌സ്റ്റൈല്‍ സേവനങ്ങളും അണിനിരത്താന്‍ ലക്ഷ്യമിട്ടാണ് ഡിസ്ട്രിക്ട് എന്ന പേരില്‍ പുതിയ ആപ്പിന് കമ്പനി തുടക്കമിടുന്നത്. ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ സേവനം നല്‍കുന്ന നിലവിലെ രീതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് എന്ന് കമ്പനിയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ‘ഭക്ഷണത്തിനായി റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ‘ഗോയിങ് ഔട്ട്’ ബിസിനസുകളിലൊന്ന് ഞങ്ങളുടേതാണ്. ഞങ്ങളുടെ ഡൈനിംഗ് ഔട്ട് ബിസിനസിന് അപ്പുറം ഗോയിങ് ഔട്ട് ബിസിനസിനെ വളര്‍ത്താന്‍ അവസരമുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ഡൈനിംഗ് ഔട്ടിന് പുറമേ സിനിമ, സ്പോര്‍ട്സ് ടിക്കറ്റിംഗ്, ലൈവ് ഷോകള്‍, ഷോപ്പിംഗ്, താമസസ്ഥലങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി പുറത്തുപോകുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സേവനം വിപുലീകരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് ബുക്ക് മൈ ഷോയാണ് ഒന്നാമത്. ഇന്ത്യയിലെ ടിക്കറ്റ് ബുക്കിംഗ് വിപണിയുടെ 60 ശതമാനവും കൈയാളുന്നത് ബുക്ക് മൈ ഷോയാണ്. ഈ ആപ്പിനോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് സൊമാറ്റോയുടെ പുതിയ നീക്കം. വിവിധ കാര്യങ്ങള്‍ക്കായി പുറത്തേയ്ക്ക് പോകുന്നവര്‍ക്ക് ഒരു കുടക്കീഴില്‍ തന്നെ സേവനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് എന്നും ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ‘ഇത് ഒരു ഗെയിംചെയ്ഞ്ചര്‍ ആയിരിക്കും. ഞങ്ങളുടെ പുതിയ ഡിസ്ട്രിക്റ്റ് ആപ്പ് ഉപയോഗിച്ച് വിവിധ കാര്യങ്ങള്‍ കൃത്യമായി ഒറ്റയടിക്ക് ചെയ്യാന്‍ സാധിക്കും. ഇത് വിജയകരമായാല്‍ സൊമാറ്റോയില്‍ നിന്ന് ഉയര്‍ന്നുവരുന്ന മൂന്നാമത്തെ വലിയ B2C ബിസിനസ് ആയി ഇതുമാറും’- ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.