മെഡിക്കല്‍ കോളജ് ഹാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം നഗ്നമായ നിലയില്‍ പ്രതി പിടിയില്‍

0

കൊല്‍ക്കത്ത: ബംഗാളിലെ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടറുടെ അര്‍ധനഗ്ന മൃതദേഹം കണ്ടെത്തി. ലൈംഗികമായി അതിക്രമിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി പുറത്തുനിന്നെത്തിയ ആളാണെന്നും ഇയാളാണ് കൊലനടത്തിയെതെന്നുമാണ് പൊലീസ് പറയുന്നത്. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ പിജിവിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരി.

സംഭവത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മെഴുകിതിരി കത്തിച്ച് പ്രതിഷേധം നടത്തി. ആശുപത്രിയില്‍ മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുകയുളളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയുടെ ശരീരമാകെ മുറിവുകളുണ്ട്. മുഖത്തും വയറിലും ഇടതുകണങ്കാലിലും കഴുത്തിലും വലതു മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. കഴുത്തിലെ എല്ലൊടിഞ്ഞതിനാല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3നും 6നും ഇടയിലാണ് സംഭവം.സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ സത്യം പുറത്തുവരില്ലെന്ന് ബിജെപി എംഎല്‍എ അഗ്നിമിത്ര പറഞ്ഞു.

‘അവളുടെ ശരീരം മുഴുവനും മുറിവേറ്റ പാടുകളുണ്ട്. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാവാം എന്നാണ് സംശിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. വൈകുന്നേരത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ല, ഇവിടെ അത് ഉണ്ടായി. ഈ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍, സത്യം കുഴിച്ചുമൂടപ്പെടും. ഒരു കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണം. എങ്കിലേ അവള്‍ക്ക് നീതി ലഭിക്കുയുള്ളു’എംഎല്‍എ പറഞ്ഞു.

പക്ഷപാതരഹിതമായ അന്വഷണം നടക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.

‘എന്റെ മകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. അവള്‍ പോയി. ഞങ്ങള്‍ക്ക് അവളെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. കുറഞ്ഞപക്ഷം നമുക്കെങ്കിലും നീതി ലഭിക്കണം’ – യുവതിയുടെ പിതാവ് പറഞ്ഞു.

‘വ്യാഴാഴ്ച രാത്രി വനിതാ ഡോക്ടര്‍ക്ക് നൈറ്റ് ഷിഫ്റ്റായിരുന്നു. അവള്‍ അവളുടെ ജൂനിയേഴ്‌സിനൊപ്പം അത്താഴം കഴിച്ചു, കുറച്ചു വിശ്രമിക്കാന്‍ പ്രത്യേക മുറി ഇല്ലാത്തതിനാല്‍ അവള്‍ സെമിനാര്‍ മുറിയിലേക്ക് പോവുകയായിരുന്നു. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിലാണ് സെമിനാര്‍ ഹാള്‍. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. അവളുടെ ലാപ്ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply