ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ വീണ ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. 41 ശതമാനം പൊള്ളലേറ്റ രണ്ടാം ക്ലാസുകാരനെ കീഴ്പ്പാക്കം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ എം മോനിഷ് വീഴുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പിതാവ് മണികണ്ഠനൊപ്പമാണ് മോനിഷ് ക്ഷേത്രത്തില്‍ പോയതെന്ന് പൊലീസ് പറഞ്ഞു.കനലിലൂടെ നടക്കുന്നതിനിടെ മോനിഷ് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മോനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസും അറിയിച്ചു. കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കനലിലൂടെ നടക്കാന്‍ ഭയന്ന് മോനിഷ് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ ചേര്‍ന്ന് കുട്ടിയെ പ്രേരിപ്പിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.