മണിപ്പൂരില്‍ മുന്‍ എംഎല്‍എയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം; ഭാര്യ കൊല്ലപ്പെട്ടു

0

ഗുവാഹത്തി: മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുന്‍ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അക്രമം ഉണ്ടായത്. മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപിന്റെ ഭാര്യ ചാരുബാലയാണ് മരിച്ചത്.മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപിന്റെ വീടിന് നേര്‍ക്കാണ് ബോംബ് ആക്രമണം ഉണ്ടായത്. പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ചാരുബാലയ്ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹവോകിപും മകളും ആക്രമണം ഉണ്ടായ സമയത്ത് വീട്ടലുണ്ടായിരുന്നു. അവര്‍ക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ചാരുബാല മെയ്തി സമുദായക്കാരിയാണ്. ഹാവോകിപ് കുക്കി സമുദായത്തില്‍പ്പെട്ടയാളുമാണ്.

തെങ്നൗപാല്‍ ജില്ലയില്‍ യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ടിന്റെ (യുകെഎല്‍എഫ്) അംഗങ്ങളും കുക്കി വില്ലേജ് വോളന്റിയര്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ടില്‍പ്പെട്ടയാളും ഗ്രാമത്തിലെ രണ്ട് സന്നദ്ധപ്രവര്‍ത്തകരുമാണ് മരിച്ചത്.

Leave a Reply