കല്‍പ്പറ്റ: നവംബറില്‍ നടക്കാനിരിക്കുന്ന കല്യാണത്തിന് മുന്‍പായി കുറച്ച് പണം സമ്പാദിക്കാനാണ് ബിഹാര്‍ സ്വദേശിയായ രഞ്ജിത് വയനാട്ടിലേക്ക് എത്തിയത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന് പിന്നെ അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇപ്പോഴിതാ രഞ്ജിത്തിനെ തേടി അവന്റെ ബന്ധുവായ രവികുമാര്‍ ബിഹാറില്‍ നിന്ന് ദുരന്തഭൂമിയില്‍ എത്തിയിട്ടുണ്ട്.
മുണ്ടക്കൈ മേഖലയില്‍ ജോലി ചെയ്യാനായി എത്തിയ ആറ് ബിഹാര്‍ സ്വദേശികളിലൊരാളായിരുന്നു രഞ്ജിത്ത് എന്ന് രവി കുമാര്‍ പറയുന്നു. അവരില്‍ രണ്ടുപേര്‍ ജീവനോടെയിരിക്കുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തി. രഞ്ജിത്ത് ഉള്‍പ്പടെ മൂന്നുപേരെ കുറിച്ച് ഒരുവിവരവുമില്ലെന്ന് രവികുമാര്‍ പറഞ്ഞു.
കനത്ത മഴ പെയ്യുമെന്നതിനാല്‍ വയനാട്ടില്‍ ജോലിക്ക് പോകേണ്ടതില്ലെന്ന് താന്‍ അവനോട് പറഞ്ഞിരുന്നു. നവംബറില്‍ അവന്റെ വിവാഹം നിശ്ചയിച്ചിരുന്നു. അതിന് മുന്‍പ് കുറച്ച് പണം സമ്പാദിക്കാനാണ് ഇങ്ങോട്ടുവന്നത്. എന്നാല്‍ പ്രകൃതിക്ക് മറ്റുപദ്ധതികള്‍ ഉണ്ടായിരുന്നെന്ന് രവികുമാര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.രഞ്ജിത്തിനെ തേടിയെത്തിയ യാത്രയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സഹായവും രവികുമാര്‍ എടുത്തുപറഞ്ഞു. അവര്‍ തനിക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.എന്നാല്‍ രഞ്ജിത്ത് ജീവനോടെയുണ്ടോയെന്നതുള്‍പ്പടെ അവനെ കുറിച്ച് ഒരുവിവരവും ഇല്ലെന്നും രവികുമാര്‍ പറഞ്ഞു.