മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് വിക്രം. പുതിയ ചിത്രം തങ്കലാനും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനിടയിൽ അജിത്, സൂര്യ തുടങ്ങിയ താരങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്.
‘മികച്ച അഭിനയം കാഴ്ചവെച്ചിട്ടും. അജിത്തിനും സൂര്യയ്ക്കും ഉള്ളതുപോലെ ആരാധകർ നിങ്ങൾക്കില്ലല്ലോ. ടോപ് ത്രിയിൽ എത്താനായില്ലല്ലോ?’- എന്നാണ് ഒരാൾ ചോദിച്ചത്. എന്റെ ആരാധകരെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. തിയറ്ററിലേക്ക് വരൂ. അവിടെ നിങ്ങൾക്കു കാണാം എന്നായിരുന്നു താരത്തിന്‍റെ മറുപടി.
‘ടോപ് 3, ടോപ് 4, ടോപ് 5 അങ്ങനെയൊന്നുമില്ല. ആരാധകരെക്കുറിച്ചു പറഞ്ഞല്ലോ. അതുപോലെ സാധാരണ പ്രേക്ഷകരുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമാ ആരാധകരും എന്റെയും ആരാധകരാണ്. നിങ്ങളെന്തായാലും തിയറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പർ എന്റെ അസിസ്റ്റന്റിനെ ഏൽപ്പിക്കാൻ മറക്കല്ലേ. ഇതു കഴിഞ്ഞു സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങൾ ആ താരങ്ങളോടു ചോദിക്കും. ഒരുപക്ഷേ, ആ ദിവസം നാളെ തന്നെയാകാം.’- വിക്രം പറഞ്ഞു.
ചോദ്യം ചോദിച്ചയാളെ വേദിയിലേക്ക് ക്ഷണിച്ച താരം ഏത് താരത്തിന്റെ ആരാധകനാണ് എന്നും ചോദിച്ചു. തന്റെ പ്രിയപ്പെട്ട നായകൻ സ്വന്തം അച്ഛനും നായിക അമ്മയും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ,’ എന്നാണ് ഇതിന് മറുപടിയായി താരം പറഞ്ഞത്.
നിങ്ങൾ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ചോദിച്ചതെന്നും അയാൾ പറഞ്ഞു. ‘‘ഞാൻ വലിയ നിലയിൽ എത്തിക്കഴിഞ്ഞു. ധൂൾ, സാമി പോലുള്ള സിനിമകൾ ചെയ്താണ് ഞാൻ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തു ചെയ്യാം എന്ന ആലോചനയാണ് എനിക്കെപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം, എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചത്. അതുകൊണ്ടാണ് വീര ധീര സൂരൻ സംഭവിക്കുന്നത്,’’ വിക്രം പറഞ്ഞു. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
Home entertainment ‘അജിത്തിനും സൂര്യയ്ക്കുമുള്ള ആരാധകർ നിങ്ങൾക്കില്ലല്ലോ?’: മറുപടിയുമായി വിക്രം: വിഡിയോ വൈറൽ