പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ പ്യൂര്‍ട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസിനെ പരാജയപ്പെടുത്തിയാണ് അമന്‍ സെഹ്റാവത്ത് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. എന്നാല്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടതിനുശേഷം അമന്റെ ഭാരം 61.5 കിലോയായി വര്‍ധിച്ചിരുന്നു. അനുവദനീയമായ ഭാരത്തേക്കാള്‍ 4.5 കിലോഗ്രാം കൂടുതല്‍.
വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു സെമി ഫൈനലില്‍ ജപ്പാന്‍ താരം റെയ് ഹുഗൂച്ചിയോട് അമന്‍ പരാജയപ്പെടുന്നത്. വെങ്കല പോരാട്ടത്തില്‍ മത്സരിക്കാന്‍ 10 മണിക്കൂര്‍ കൊണ്ടാണ് താരം 4.5 കിലോഗ്രാം ഭാരം കുറച്ചത്. പരിശീലകരായ ജഗ്മന്ദര്‍ സിംഗ്, വീരേന്ദര്‍ ദാഹിയ എന്നിവരുടെ നിര്‍ദേശം സ്വീകരിച്ചാണ് താരം വ്യായാമ മുറകളിലൂടെ ഭാരം കുറച്ചത്. സെമി ഫൈനല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഒന്നരമണിക്കൂര്‍ മാറ്റ് സെഷനായിരുന്നു അമന് പരിശീലകര്‍ നിര്‍ദേശിച്ചത്.പിന്നീട് ഹോട്ട് ബാത്ത് സെഷന്‍, അര്‍ധ രാത്രി 12.30 ഓടെ ഒരു മണിക്കൂര്‍ ട്രെഡ്മില്‍ ഓട്ടം. വിശ്രമമില്ലാതെയുള്ള കഠിന പ്രയത്‌നമായിരുന്നു ഇത്. പിന്നീട് സോന ബാത്തിന്റെ അഞ്ച് മിനുറ്റ് സെഷനുകള്‍ നല്‍കി. സോന ബാത്ത് സെഷന്‍ അവസാനിച്ച ശേഷമുള്ള ഭാരപരിശോധനയില്‍ 900 ഗ്രാമായിരുന്നു കൂടുതല്‍. ശരീരത്തിന് മസാജ് നല്‍കിയ ശേഷം ലൈറ്റ് ജോഗിങ്ങായിരുന്നു പരിശീലകര്‍ പിന്നീട് നിര്‍ദേശിച്ചത്. തുടര്‍ന്ന് 15 മിനുറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് റണ്ണിങ് സെഷനും അമന്‍ ചെയ്തു.
പുലര്‍ച്ചെ നാലരയോടെ അമന്റെ ഭാരം 56.9 കിലോഗ്രാമിലേക്ക് എത്തി. കഠിനമായ വ്യായാമത്തിനിടയില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത ചെറുചൂടുവെള്ളം മാത്രമാണ് അമന്‍ കഴിച്ചിരുന്നത്. പിന്നീടുള്ള സമയം ഉറങ്ങാന്‍ അമന്‍ തയ്യാറായില്ല. ഗുസ്തി വിഡിയോകള്‍ കണ്ടിരിക്കുകയായിരുന്നു. ഓരോ മണിക്കൂറിലും ഞങ്ങള്‍ അമന്റെ ഭാരം പരിശോധിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ രാത്രി മുഴുവന്‍ ഉറങ്ങിയില്ല, പകല്‍ പോലും. വിനേഷിന് സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു അമന്‍ നടത്തിയതെന്ന് പരിശീലകന്‍ വീരേന്ദര്‍ ദഹിയ പറഞ്ഞു.
വെങ്കല മെഡല്‍ നേട്ടത്തോടെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരാനാകാനും അമനായി. 21 വയസും 24 ദിവസവും മാത്രമാണ് അമന്റെ പ്രായം.