‘ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട, പരാതിപ്പെട്ടാല്‍ ആക്ഷന്‍ എടുക്കുന്നതാണ് എന്റെ സ്വഭാവം’: മന്ത്രി ഗണേശ് കുമാര്‍

0

തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവവുമായി ബന്ധപ്പെട്ട് ആരും തന്നോട് ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാര്‍. ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സ്വഭാവത്തിന് അപ്പോള്‍ തന്നെ പ്രതികരിക്കും. പറഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ പറഞ്ഞാല്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. അതുകൊണ്ടാണ് സിനിമയില്‍ വലിയ അവസരങ്ങള്‍ ഇല്ലാത്തതെന്നും ഗണേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. അത് നല്ലതാണ്. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടിയെടുക്കുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. അതില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് കാര്യം ഒന്നുമില്ലെന്നും കെ ബി ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് ഒരു ശുപാര്‍ശയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അസൗകര്യങ്ങളൊക്കെ ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല. വലിയ നടിമാര്‍ക്ക് മാത്രമാണ് ടോയ്‌ലെറ്റ് സൗകര്യം. സ്ത്രീകളെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇതില്‍ ഇതിന് മുന്‍പ് തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. പല ആര്‍ടിസ്റ്റുകളും ടിവിയില്‍ പരാതിയായി ഉന്നയിച്ചിട്ടുണ്ട്. സീനിയര്‍ ആയിട്ടുള്ള നടികളുടെ കാരവന്‍ പോലും ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യങ്ങളില്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഒരുക്കേണ്ടതാണ്. സ്ത്രീകള്‍ക്കായി ഒരു പൊതു ഫെസിലിറ്റി അവര്‍ ഒരുക്കേണ്ടതാണ്. റിപ്പോര്‍ട്ട് മൊത്തത്തിലുള്ള ഒരു പഠനമാണ്. അതിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട. നടപ്പാക്കേണ്ട ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണം. അത് നടപ്പാക്കുമെന്ന് മന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ട്.’- ഗണേശ് കുമാര്‍ പറഞ്ഞു.’ആളുകളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അല്ലേ? എന്നോട് ആരെങ്കിലും പരാതി പറഞ്ഞാല്‍ ഞാന്‍ പച്ചയ്ക്ക് വെളിയില്‍ പറയും. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ ആരാണ് എന്നിക്കറിയില്ല. ഞാന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സ്വഭാവത്തിന് അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിക്കും. പറഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നോട് പറഞ്ഞാല്‍ ഞാന്‍ ഇടപെടും. അത്തരത്തില്‍ ഒരു പരാതി വന്നാല്‍ ബന്ധപ്പെട്ടവരെ ഫോണ്‍ വിളിക്കും. ഞാന്‍ ഇടപെട്ട് ശക്തമായി സംസാരിക്കും. അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ അപ്പോള്‍ ആക്ഷന്‍ എടുത്തിരിക്കും. അതാണ് എന്റെ സ്വഭാവം. അതുകൊണ്ടാണ് സിനിമയില്‍ വലിയ അവസരങ്ങള്‍ ഇല്ലാത്തത്. കുറ്റക്കാരുടെ പേരുവിവരങ്ങളൊന്നും രേഖയില്‍ പറയുന്നില്ല. അത്തരത്തില്‍ പേരുവിവരങ്ങള്‍ ഒന്നുമില്ലാത്ത ഒരു രേഖയെ കുറിച്ച് എങ്ങനെ ചര്‍ച്ച ചെയ്യും.’- ഗണേശ് കുമാര്‍ ചോദിച്ചു.

Leave a Reply