ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം; ആശുപത്രി അടിച്ചു തകര്‍ത്തു

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം. പുറത്തു നിന്നെത്തിയ ഒരു സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയും പ്രതിഷേധപ്പന്തലും അടിച്ചു തകര്‍ത്തു. നിരവധി വാഹനങ്ങളും നശിപ്പിച്ചു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.സംഘര്‍ഷത്തിന് കാരണം തെറ്റായ മാധ്യമ പ്രചാരണമാണെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ ഡിസിപി അബോധാവസ്ഥയിലാണ്. പൊലീസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കൊലപാതകക്കേസില്‍ പൊലീസ് രാത്രിയും പകലുമില്ലാതെ തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന പ്രതി പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.

അതേസമയം കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം അന്വേഷണസംഘത്തിലുണ്ട്. പിജി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply