ഡോക്ടറുടെ കൊലപാതകം: പ്രതിക്ക് സൈക്കോ അനാലിസിസ് പരിശോധന; ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസം നിരോധനാജ്ഞ

0

ന്യൂഡൽഹി: കൊൽക്കത്ത മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം.

ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. അതേസമയം കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ധർണയോ റാലിയോ പാടില്ല, കൂട്ടം കൂടുകയോ ആയുധങ്ങളുമായി വരുകയോ പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു. അതേസമയം ബംഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.വനിത ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വനിത ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആശുപത്രിയിൽ ബ്രെത്തലൈസർ പരിശോധന നടത്താനും ബംഗാൾ സർക്കാർ തീരുമാനിച്ചു.

Leave a Reply