തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.