കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിമര്‍ശനം ഉയരുമ്പോഴും വിവിധ കോണുകളില്‍ നിന്നും സംഭാവനകള്‍ ഒഴുകുകയാണ്. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി.
അദ്ദേഹത്തിന്റെ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വീട്ടില്‍ നിന്നും കെ വി സുമേഷ് എംഎല്‍എ ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് സഹായം എത്തിക്കുന്നതിനാണ് സിഎംഡിആര്‍എഫിലേക്ക് കഥാകൃത്ത് ടിപത്മനാഭന്‍ സംഭാവന നല്‍കിയത്.സാധാരണക്കാര്‍ തൊട്ട് സിനിമാ താരങ്ങളും വ്യാപാര വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വരുന്നുണ്ടെന്നും കണ്ണൂരില്‍ നിന്ന് കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതായും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.