കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരും നേരിട്ട് എത്തിയത്.
കേസില്‍ പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാനാകുമെന്നും കോടതി പറഞ്ഞു.ആരുടേയും നിര്‍ബന്ധത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു. ഒരുമിച്ച് താമസിക്കുന്നതിന് കോടതി തടസ്സം നില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇരുവരേയും കൗണ്‍സിലിങ്ങിന് വിടാമെന്നും കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് നടപടിയെടുക്കാന്‍ കെല്‍സയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്തയാഴ്ച സീല്‍ഡ് കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഈ മാസം 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും, രാഹുലിനെതിരെ പരാതിയില്ലെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നാണ് യുവതി മൊഴിമാറ്റിയത്.
തുടര്‍ന്ന് പ്രതിയോടും പരാതിക്കാരിയായ ഭാര്യയോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പന്തിരാങ്കാവ് സ്വദേശിയും ജര്‍മ്മനിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിയനീയറുമായ രാഹുല്‍ പി ഗോപാലിനെതിരെ ഭാര്യ വടക്കന്‍ പരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.