കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റും; 20 ദിവസത്തിനകം ക്ലാസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷ: മന്ത്രി ശിവന്‍കുട്ടി

0

മേപ്പാടി ( വയനാട്) : മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളില്‍ പഠനം പുനഃരാരംഭിക്കും. വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ടു സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐഎഎസിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ദുരന്തബാധിതരായ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിലെ സെപ്റ്റംബര്‍ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു.

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക്, തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കുട്ടികളുടെ ഗതാഗതം കെഎസ്ആര്‍ടിസിയുമായി ആലോചിക്കും. അല്ലെങ്കില്‍ ബദല്‍ സംവിധാനം സജ്ജമാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനും സംവിധാനമൊരുക്കും. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. അത് എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിനോടു ചേര്‍ന്ന് പൊതുവായ ഫണ്ട് ഉപയോഗിച്ചോ, അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പോ സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. തകര്‍ന്ന മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ സജി ചെറിയാന്‍, ഒ ആര്‍ കേളു എന്നിവരും ടി സിദ്ദിഖ് എംഎല്‍എയും യോഗത്തില്‍ സംബന്ധിച്ചു. സ്‌കൂള്‍ അധ്യാപകരുമായും മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply