വരും മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രതാ നിർദേശം തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ‌കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.കള്ളകടൽ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply