കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴില്‍ തേടി വിദേശത്തു പോകാന്‍ കര്‍ശന ഉപാധികളോടെ അനുമതി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയായ സൂര്യയ്ക്ക് പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി ആശ മറിയം മാത്യൂസ് ആണ് അനുമതി നല്‍കിയത്.
അച്ഛന്‍ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടര്‍ന്ന് നാട്ടില്‍ ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്നും വിദേശത്തു തൊഴില്‍ തേടിപ്പോകാന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹര്‍ജി. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും വിശദവാദം കേട്ട കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കുകയായിരുന്നു.തൊഴില്‍ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴില്‍ ദാതാവ് തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അനുമതി.കേസിന്റെ വിചാരണയില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്നു സൂര്യയെ ഒഴിവാക്കി. സൂര്യയ്ക്കു വേണ്ടി അഭിഭാഷകന്‍ അനീസ് തങ്ങള്‍കുഞ്ഞ് ഹാജരായി.
25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരയ്ക്കല്‍ ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. സ്ത്രീധന പീഡനക്കേസില്‍ സൂരജിനു പുറമേ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു പ്രതികള്‍.