ബെയ്‌ലി പാലം കടന്നു; ദുരന്തഭൂമിയില്‍ നടന്നെത്തി പ്രധാനമന്ത്രി; കാര്യങ്ങള്‍ വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

0

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ചീഫ് സെക്രട്ടറി വി വേണു, ജില്ലാ കലക്ടർ ഡിആർ മേഘശ്രീ, എഡിജിപി എംആർ. അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. പ്രധാനമന്ത്രി നടന്ന ഈ റോഡിന് സമീപത്തായി നിരവധി വീടുകളുണ്ടായിരുന്നു. ഇപ്പോൾ ഈ ഭാഗം നിറയെ കല്ലുകൾ നിറഞ്ഞിരിക്കുകയാണ്. അതിന് ശേഷം അദ്ദേഹം ഇതേ വഴി തന്നെ തിരിച്ചെത്തിയശേഷം ബെയ്‌ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.ചൂരല്‍മലയില്‍നിന്ന് പ്രധാനമന്ത്രി വിംസ് ആശുപത്രിയിലേക്കാണ് പോകുക. അവിടെ ചികിത്സയില്‍ കഴിയുന്ന ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം ദുരിതാശ്വാസക്യംപിലും അദ്ദേഹം എത്തും.തുടര്‍ന്ന് വയനാട് കലക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. എംഎല്‍എയായ കെകെ ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എപി അബ്ദുള്ളക്കുട്ടി, സികെ. പത്മനാഭന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

Leave a Reply