തിരുവനന്തപുരം: സിനിമാ രംഗത്ത് പുറത്തു കാണുന്ന തിളക്കം മാത്രമെന്ന് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വേദനയുടേയും ആകുലതയുടേയും മേഘങ്ങളാണ് സിനിമയ്ക്ക് മുന്നിലുള്ളത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സിനിമയുടെ തുടക്കം ഘട്ടം മുതല്‍ കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകള്‍, ഈ രംഗത്തുള്ള വനിതകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.സിനിമയുടെ ആകാശം നിഗൂഢമാണ്. ണുന്നത് പോലെ ശോഭയുള്ളതല്ല സിനിമാരംഗം. സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നു. താഴേ തട്ടുമുതല്‍ ചൂഷണം നടക്കുന്നു. അവസരം വേണമെങ്കില്‍ സെക്‌സിന് വഴങ്ങണമെന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. മിണ്ടുന്നവരെ നിശബ്ദരാക്കുന്നു. വഴങ്ങാത്തവരെ മറ്റു പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലെ 86-ാം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നു.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയിൽ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 2019 ഡിസംബർ 31 നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയത്.
സിനിമാ മേഖലയിൽ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനിൽ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങൾ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയിൽപ്പെടുത്തി അവസരങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷൻ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.
ഏകദേശം രണ്ടര വർഷത്തെ മാരത്തൺ അന്വേഷണത്തിന് ശേഷം, റിപ്പോർട്ടിൻ്റെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകളും ഓഡിയോയും വീഡിയോ തെളിവുകളും സഹിതം 2019 ഡിസംബർ 31 ന് 295 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എന്നാൽ, സിനിമാമേഖലയിലെ സമഗ്ര മാറ്റം നിർദേശിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളിൽ സർക്കാർ ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.