സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആണ് ഷാരൂഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം നടന്ന 77-ാമത് ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ഷാരൂഖ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡായ കരിയർ ലെപർഡ് നൽകി താരത്തെ ആദരിക്കുകയും ചെയ്തിരുന്നു.
ലൊകാർനോ ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടറായ ജിയോണ എ നസാരോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഷാരൂഖ് തന്‍റെ പുതിയ പ്രൊജക്ടിനേക്കുറിച്ച് തുറന്നു പറഞ്ഞത്. ‘എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ചില സിനിമകളുണ്ട്. ഒരുപക്ഷേ അതെന്റെ പ്രായത്തിനൊത്ത സിനിമകളായിരിക്കാം. അത് പരീക്ഷിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ആറേഴ് വർഷമായി ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. കോമഡി അല്ലെങ്കിൽ കോർട്ട് റൂം ഡ്രാമ അങ്ങനെ എന്തുമാകാം.
ഒരു ദിവസം ഞാൻ സുജോയിയോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഞങ്ങൾക്കായി ചില സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഉടനെ അദ്ദേഹം, സർ എന്‍റെ കൈയ്യില്‍ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞു’- ഷാരൂഖ് പറഞ്ഞു. കിങിലെ കഥാപാത്രത്തിനായി ഭാരം കുറച്ചതിനെക്കുറിച്ചും താരം പറഞ്ഞു. ‘എന്റെ അടുത്ത ചിത്രം കിങ് ആണ്. അതിലെ കഥാപാത്രത്തിനായി ഭാരം കുറയ്ക്കണം. ആക്ഷൻ രംഗങ്ങളൊക്കെ ചെയ്യുമ്പോൾ ഞരമ്പ് വലിയാതിരിക്കാനൊക്കെയാണ്.അങ്ങനെ വരുമ്പോൾ ഭയങ്കര വേദനയാണ്. എൻ്റെ കൈയിലെ രണ്ട് ബാഗ് നിറയെ ഐസിംഗ് മെഷീനുകളാണ്. ആക്ഷൻ രംഗങ്ങൾ കഴിഞ്ഞുള്ള സെറ്റിലെ എന്റെ അവസ്ഥ വളരെ മോശമാണ്. സിനിമയിൽ ഞാൻ കൂളാണെങ്കിലും അതിന് ശേഷം വളരെ ക്ഷീണിതനാകും. നടക്കാൻ വരെ ബുദ്ധിമുട്ട് ഉണ്ടാകും’- ഷാരൂഖ് കൂട്ടിച്ചേർത്തു. ഷാരൂഖിന്റെ മകൾ സുഹാനയും കിങിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.