തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാന്‍ കുടുംബ സമേതം പി ആര്‍ ശ്രീജേഷ് തലസ്ഥാനത്തെത്തി. യാത്രാമധ്യേയാണ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവെച്ച കാര്യം പറഞ്ഞത്. സാങ്കേതിക തടസങ്ങള്‍ കൊണ്ട് പരിപാടി മാറ്റിയെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ എന്ന് സ്വീകരണം തരുന്നോ അന്ന് അത് ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും ഒരു പരാതിയും ഇല്ലെന്നും ശ്രീജേഷ് പറഞ്ഞു.
മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹിമാനും തമ്മിലുള്ള തര്‍ക്കം മൂലമാണ് പി ആര്‍ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറായ ശ്രീജേഷിന് സ്വീകരണം നല്‍കാന്‍ വകുപ്പിനാണ് അര്‍ഹതയെന്ന് ശിവന്‍കുട്ടിയും കായിക വകുപ്പാണെന്ന് മന്ത്രി അബ്ദുറഹ്മാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ശ്രീജേഷിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ സ്വീകരണം നല്‍കാനായിരുന്നു കായിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി അസൗകര്യം അറിയിച്ചതോടെ ചടങ്ങ് മറ്റൊരു ദിവസം നടത്താമെന്ന് കായിക വകുപ്പ് അറിയിച്ചു.ഇതിനിടെ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണം നല്‍കുന്ന കാര്യം തീരുമാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് വാര്‍ത്താ സമ്മേളനവും നടത്തി. ഈ സമയത്താണ് കായിക മന്ത്രി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെ സ്വീകരണം മാറ്റിവെക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.