പ്രേമവിവാഹത്തിന് പിന്നാലെ തര്‍ക്കം, നവവധുവിനെ കുത്തിക്കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച വരന്‍ ഗുരുതരാവസ്ഥയില്‍

0

ബംഗളൂരു: കല്യാണത്തിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. കര്‍ണാടകയില്‍ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വസ്ത്ര വ്യാപാരിയാണ് നവീന്‍. ഇരുവരുടെയും പ്രേമ വിവാഹമായിരുന്നു. നവീന്റെ സഹോദരി മോണിക്കയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങ് നടന്നത്. വിവാഹ ശേഷം നവീന്റെ ബന്ധുവീട്ടില്‍ എത്തിയ ദമ്പതികള്‍ അവിടെ വച്ചാണ് തര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് കെജിഎഫ് എസ്പി ശാന്തരാജു പറഞ്ഞു. നവീന്‍ ലിഖിതയെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ അതേ ആയുധം ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആന്‍ഡേഴ്‌സണ്‍പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്നും ശാന്തരാജു അറിയിച്ചു.

Leave a Reply