അര്‍ജന്റീനയുടെ സ്വപ്‌നം തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

0

പാരിസ്: മറ്റൊരു ഒളിംപിക്‌സ് സ്വര്‍ണം നേടി തുടര്‍ കിരീട വിജയങ്ങളെന്ന അര്‍ജന്റീനയുടെ മോഹം പൊലിഞ്ഞു. ഒളിംപിക്‌സ് ഫുട്‌ബോളില്‍ നിന്നു അര്‍ജന്റീന പുറത്ത്. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഫ്രാന്‍സ് 1-0ത്തിനു അര്‍ജന്റീനയെ വീഴ്ത്തി സെമിയിലേക്ക് മുന്നേറി. 2022ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഫ്രാന്‍സിന്റെ മധുര പ്രതികാരം.

കളിയുടെ അഞ്ചാം മിനിറ്റില്‍ മൈക്കല്‍ ഒലിസ് എടുത്ത കോര്‍ണറില്‍ നിന്നു ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാന്‍സിന്റെ വിജയ ഗോള്‍ വലയിലാക്കിയത്. പിന്നീട് അര്‍ജന്റീന ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഫ്രാന്‍സ് പ്രതിരോധം കടുപ്പിച്ച് ലീഡ് വിടാതെ നിര്‍ത്തി.

36ാം മിനിറ്റില്‍ അര്‍ജന്റീന ഗോളിനടുത്തു വരെ എത്തി. എന്നാല്‍ ഫ്രഞ്ച് പ്രതിരോധം അപകടം ഒഴിവാക്കി. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ്, കോപ്പ അമേരിക്ക കിരീടങ്ങള്‍ വഴിക്കു വഴി സ്വന്തമാക്കിയ അര്‍ജന്റീന ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടാണ് പാരിസില്‍ ഇറങ്ങിയത്.സെമിയില്‍ ഈജിപ്താണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ പരാഗ്വെയുമായി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടം വിജയിച്ചാണ് ഈജിപ്തിന്റെ സെമി പ്രവേശം.

മറ്റൊരു സെമിയില്‍ സ്‌പെയിന്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ജപ്പാനെ 3-0ത്തിനു തകര്‍ത്താണ് സ്‌പെയിന്‍ സെമി ഉറപ്പിച്ചത്. അമേരിക്കയെ 4-0ത്തിനു തകര്‍ത്താണ് മൊറോക്കോ സെമി ഉറപ്പിച്ചത്.

Leave a Reply