വീണ്ടുമൊരു ന്യൂനമർദ്ദം കൂടി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനക്കും. ആറു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കൻ പടിഞ്ഞാറൻ ഝാർഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമർദ്ദം തെക്കൻ ബീഹാറിനും വടക്ക്- പടിഞ്ഞാറൻ ഝാർഖണ്ഡിന് മുകളിൽ അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബിഹാർ, തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യ പ്രദേശ്, വഴി സഞ്ചരിക്കാൻ സാധ്യത.

മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ടു. ഇതിന്റെ ഫലമായി ഓഗസ്റ്റ് 05 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

Leave a Reply