ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ വ്യാജ വസ്തുക്കളുടെ വിപണനം തുടരുകയാണ്. വ്യാജ ഒആര്‍എസ്, പനീര്‍, വെണ്ണ എന്നിവയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ ഇപ്പോള്‍ വ്യാജ വെളുത്തുള്ളിയാണ് വിപണിയിലെത്തിയിരിക്കുന്നത്. പുറമേ വെളുത്തുള്ളിയുടെ രൂപവും നിറവും ഉള്ളതിനാല്‍ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. മുറിച്ച് നോക്കുമ്പോള്‍ മാത്രമാണ് അകത്ത് സിമന്റ് ആണെന്ന് മനസിലാകുക.
മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് സംഭവം. പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ ചില കച്ചവടക്കാര്‍ സാഹചര്യം മുതലെടുത്ത് കൃത്രിമത്വം കാട്ടുകയാണെന്നാണ് ആരോപണം.
അകോലയിലെ ബജോറിയ നഗറില്‍ താമസിക്കുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ വാങ്ങിയ വെളുത്തുള്ളിയിലാണ് കൃത്രിമ വെളുത്തുള്ളി കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിക്കുമ്പോള്‍ അത് വേര്‍പെടുത്താന്‍ കഴിയുന്നില്ല. അപ്പോഴാണ് സിമന്റു കൊണ്ടുണ്ടാക്കിയ വെളുത്തുള്ളിയാണെന്ന് കണ്ടെത്തിയത്.പച്ചക്കറി വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന്‍ ഇത്തരത്തില്‍ സിമന്റ് വെളുത്തുള്ളി നല്‍കിയെന്നാണ് ആരോപണം.വെളുത്തുള്ളി വില കിലോയ്ക്ക് 300 രൂപയില്‍ നിന്ന് 350 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.