വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ സമ്മിശ്രപ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. എസ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ഗോട്ടിന് ശേഷം തന്റെ പുതിയ പ്രൊജക്ട് ആർക്കൊപ്പമായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വെങ്കട് പ്രഭു. പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. “എൻ്റെ അടുത്ത ചിത്രം ശിവകാർത്തികേയനോടൊപ്പമാണ്. നിലവിൽ എസ്കെ ചില ചിത്രങ്ങളിൽ കരാർ ഒപ്പിട്ടുണ്ട്. അതിന്റെ തിരക്കുകളിലാണ് അദ്ദേഹമിപ്പോൾ.
അദ്ദേഹം അത് പൂർത്തിയാക്കി കഴിഞ്ഞാൽ ഞങ്ങളുടെ സിനിമ നിർമ്മാണത്തിലേക്ക് കടക്കും”- വെങ്കട് പ്രഭു പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ശിവകാർത്തികേയനും വെങ്കട് പ്രഭുവുമൊന്നിച്ച് സിനിമ വരുന്നുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു.ശിവകാർത്തികേയൻ ഇപ്പോൾ എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന എസ്കെ 23 എന്ന ചിത്രത്തിൻ്റെ തിരക്കുകളിലാണ്. അമരൻ ആണ് ശിവകാർത്തികേയന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഒക്ടോബർ 31 ന് ചിത്രം റിലീസ് ചെയ്യും.
Home entertainment ‘ഗോട്ടി’ന് ശേഷം അടുത്ത പ്രൊജക്ട് ആ സൂപ്പർ താരത്തിനൊപ്പം; വെളിപ്പെടുത്തി സംവിധായകൻ വെങ്കട് പ്രഭു