ചെന്നൈ: തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
27 ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയ്യപ്പാസ് സ്ട്രീറ്റ്-വിഎം ബാലകൃഷ്ണന്‍ സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തില്‍ കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവര്‍ പാണ്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് നടി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും മെക്കാനിക്ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എഴുത്തുകാരി കൂടിയായ രേഖ നായര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘ഇരവിന്‍ നിഴല്‍’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.