തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണ സംഘം മിനു മുനീറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് മിനു മുനീര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും മിനു മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും നടി പരാതി നല്‍കുമെന്നാണ് സൂചന.
നടൻമാരായ മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീർ വെളിപ്പെടുത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞു. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്നും മുകേഷ് ആവശ്യപ്പെട്ടു. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു മുനീർ വെളിപ്പെടുത്തിയിരുന്നു.
സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. നടന്മാരായ മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് പറഞ്ഞിരുന്നുവെന്നും മിനു മുനീർ വെളിപ്പെടുത്തി.