ചെന്നൈ: തമിഴ് സീരിയൽ നടി വി ജെ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ കോടതി വെറുതെ വിട്ടു. ചിത്രയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ തക്ക തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേമനാഥിനെ തിരുവള്ളൂർ ഫാസ്റ്റ് ട്രാക്ക് മഹിളാ കോടതി വിട്ടയച്ചു.2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണ് ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് നടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നായിരുന്നു പരാതി.
മറ്റു നടന്മാർക്കൊപ്പം അഭിനയിക്കുന്നതിനെ ഭർത്താവ് എതിർത്തിരുന്നു. ഇക്കാര്യം പറഞ്ഞ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. 2021 മാർച്ച് 2ന് ജാമ്യത്തിലിറങ്ങി. പ്രശസ്തമായ പാണ്ഡ്യൻ സ്റ്റോഴ്സ് അടക്കമുള്ള സീരിയലുകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്.