മലപ്പുറം: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1980-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.പന്ത്രണ്ടാം വയസ്സില്‍ ‘തോട്ടക്കാരന്‍’ എന്ന നാടകത്തില്‍ വൃദ്ധയുടെ വേഷം അവതരിപ്പിച്ചുകൊണ്ടു അരങ്ങിലെത്തി. അതിനുശേഷം വി.ടി. ഇന്ദുചൂഡന്‍ എഴുതിയ ‘കാരാഗൃഹം’ എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ടു’വെളിച്ചം വിളക്കന്വേഷിക്കുന്നു’, ‘മനുഷ്യന്‍ കാരാഗൃഹത്തിലാണു്’, ‘ചുവന്ന ഘടികാരം’, ‘സൃഷ്ടി സ്ഥിതി സംഹാരം’, ‘സനാതനം’, ‘സമന്വയം’ തുടങ്ങി ധാരാളം നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നാടകരംഗത്ത് സജീവമായി. ഗോപുരനടയില്‍, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നല്‍ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.നിര്‍മ്മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയില്‍, കഥയ്ക്കു പിന്നില്‍, ഒരേതൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട്, കൈയൊപ്പ് തുടങ്ങിയ സിനിമകളിലും ഏതാനും ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. മക്കള്‍: വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.