വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ച; ധനസഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി ചിരഞ്ജീവി

0

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി നടൻ ചിരഞ്ജീവി. ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി താരം കൈമാറി. വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് താരം പറഞ്ഞു. ദുരന്ത സമയം സജീവമായി പ്രവർത്തിച്ച സൈന്യത്തെയും തിരച്ചിൽ സംഘങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ദേശീയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ചിരഞ്ജീവി പറഞ്ഞു. സെലിബ്രിറ്റികളടക്കം നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. തെലുങ്ക് സിനിമാ മേഖലിയിൽ നിന്ന് പ്രഭാസ് രണ്ട് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്. ദുരന്തത്തിന് പിന്നാലെ അല്ലു അർജുൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളില്‍ നടന്ന ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.അതിനിടെ വയനാട് ഉരുപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണ് ഉള്ളത്.

Leave a Reply