കോട്ടയം: നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് ഉദ്യോഗസ്ഥൻ കോടികൾ തട്ടിയെടുത്തതായി പരാതി. കോട്ടയം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈക്കം നഗരസഭയിലെ ക്ലാർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസാണ് തട്ടിപ്പ് നടത്തിയത്. ആൾമാറാട്ടം നടത്തിയാണ് മൂന്ന് കോടി രൂപ തട്ടിയെടുത്തത്. കോട്ടയം നഗരസഭാ സെക്രട്ടറി ബി അനിൽ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്.ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനൽകി. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായിരുന്നു. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.