തിരുവനന്തപുരം:വയനാട് ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരനധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുക. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ ക്യാംപുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാം.
സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു നൽകിയിട്ടുണ്ട്. 22 കുടുംബങ്ങൾ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കണ്ടെത്തി നൽകുന്നതിൽ കാര്യമായ തടസ്സം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരാൾ പോലും അവശേഷിക്കാതെ…
ദുരന്തത്തിൽ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിൻ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എൻ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ് ഡി ആർ എഫിൽ നിന്നും 4 ലക്ഷവും സി എം ഡി ആർ എഫിൽ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.
691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി. 119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. കണ്ടെത്തെത്താൻ അവശേഷിക്കുന്നവരുടെ ബന്ധുക്കളിൽ നിന്നും 91 പേരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. കാർഷികവും കാർഷികേതര ആവശ്യങ്ങൾക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചർ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കൺസംഷൻ ലോണുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയിൽ ഉള്ള എല്ലാ റിക്കവറി നടപടികളും തൽക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തമേഖലയിൽ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാൻഡേറ്റുകൾ അവർക്ക് സാമ്പത്തികമായ സമ്മർദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ റിവ്യൂ ചെയ്യുന്നതിനും തീരുമാനമെടുത്തു
ഓണം വാരാഘോഷ പരിപാടി ഒഴിവാക്കി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിൻറേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മൾ എപ്പോഴത്തേക്കാളും ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജ്ജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.