കല്‍പ്പറ്റ: ഉരുള്‍പൊട്ടി കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ 15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും. ദുരന്തഭൂമിയിലെ മറ്റൊരു ‘സൂപ്പര്‍ ഹീറോ’ ശരത് ബാബു (28)വരുംകാലങ്ങളിലും ചൂരല്‍മലയിലുള്ളവര്‍ മറക്കാത്ത ഒരു നോവായി മാറും.
ചൂരല്‍മല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായി ചൂരല്‍മലക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.’ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം’- എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ശരത് ബാബു പുറത്തേയ്ക്ക് പോയത്. ‘കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് ആകപ്പാടെ ഉണ്ടായിരുന്നതാണ് വിട്ടു പോയത്. എന്റെ കുട്ടി എവിടെ പോയോ എന്തോ…’- സുബ്ബലക്ഷ്മിയുടെ കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകുമ്പോള്‍ സുഹൃത്തുകള്‍ തടഞ്ഞതാണ്. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും മണ്ണും വെള്ളവും കൊണ്ടുപോവുകയായിരുന്നു.